
തിരുവനന്തപുരം∙ ഭാര്യയോട് സംസാരിച്ചതിന്റെ പേരിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. വെട്ടുകാട് സ്വദേശി ജോസ് അലോഷ്യസാണ് അയൽവാസിയായ ഗോഡ്ഫ്രിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ രാത്രി വെട്ടുകാട് പള്ളിക്ക് സമീപം കടൽത്തീരത്തുനിന്ന് ഗോഡ്ഫ്രിയെ വെട്ടിവീഴ്ത്താനായിരുന്നു ജോസിന്റെ ശ്രമം. ജോസിന്റെ ഭാര്യയും ഗോഡ്ഫ്രിയും തമ്മിൽ സംസാരിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. വെട്ടുകത്തിയുമായി ജോസ് എത്തുന്നത് കണ്ട ഗോഡ്ഫ്രി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ആക്രമണം തടയാൻ ശ്രമിച്ച ഭാര്യയെയും ജോസ് ഉപദ്രവിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മണൽ വാരിയെറിഞ്ഞ് ജോസിനെ തടയുകയായിരുന്നു. കണ്ണിൽ മണൽ വീണ് കാഴ്ച മങ്ങിയതോടെ നാട്ടുകാർ ഇയാളെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി.
സംഭവത്തിൽ ജോസിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










